Book Review: മലബാർ കലാപം; പ്രഭുത്വത്തിനും രാജവാഴ്ച്ക്കും എതിരെ.

Sudeep Sudhakaran
3 min readSep 11, 2021

മലബാർ കലാപം; പ്രഭുത്വത്തിനും രാജവാഴ്ച്ക്കും എതിരെ.

മലബാർ കലാപത്തെക്കുറിച്ച് പല രീതിയിൽ ചർച്ചകൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ, നിർബദ്ധമായും വായിച്ചിരിക്കേണ്ട അക്കാദമിക് സ്വഭാവമുള്ള പുസ്തകമാണ് കെഎൻ പണിക്കരുടെ മലബാർ കലാപം. കലാപത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ പല പുസ്തകങ്ങളും സ്വഅനുഭവങ്ങളുടെ അല്ലെങ്കിൽ സംഭവങ്ങളുടെ വിവരണങ്ങളായി ചുരുങ്ങുമ്പോൾ, കലാപത്തെ മനസ്സിലാക്കാൻ ഒരു വിശാലമായ പരിപ്രേക്ഷ്യം മുന്നോട്ട് വെക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രസ്കതി.

1921 ലെ കലാപത്തെ അതിനു മുന്നേ നടന്ന ഒരു കൂട്ടം കലാപങ്ങളുടെ തുടർച്ച എന്ന തരത്തിലാണ് പണിക്കർ അവതരിപ്പിക്കുന്നത്. ആയിരത്തി എണ്ണൂറുകളുടെ മധ്യത്തോടെ തുടങ്ങി 1921ലെ പ്രസിദ്ധമായ കലാപം വരെ ഒട്ടനവധി കലാപങ്ങൾ മലബാർ ജില്ലയിൽ നടന്നിട്ടുണ്ട്.

എന്ത് കൊണ്ട് ഇത്തരത്തിൽ കലാപങ്ങൾ സംഭവിച്ചു എന്നതിന് അടിസ്ഥാനപരമായി രണ്ടു പ്രധാന കാര്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്.

ഒന്ന്, മൈസൂർ യുദ്ധത്തിൽ ബ്രിട്ടന്റെ കൈവശം വരുന്ന മലബാർ ജില്ലയിൽ കൊളോണിയൽ ഭരണകൂടം നടപ്പിൽ വരുത്തിയ വിവിധ നടപടികളും അതിന്റെ പ്രത്യഘാതങ്ങളുമാണ്. ഇതിൽ പ്രധാനപ്പെട്ടത് നികുതി വർദ്ധനവ്, കമ്പോളത്തിലെ ഇടപെടലുകൾ, ജന്മിമാർക്കും ഇടനിലക്കാർക്കും അനുകൂലമായ രീതിയിൽ വരുത്തുന്ന ഭൂനയങ്ങൾ, ബ്രിട്ടീഷ് നയങ്ങളുടെ ഭാഗമായി വരുന്ന വിലക്കയറ്റം എന്നിവയാണ്. ഇതിന്റെ ഫലമായി ചെറുകിട കർഷകരും കർഷക തൊഴിലാളികളും അതിഭീകരമായ ദാരിദ്രത്തിലേക്കും ചൂഷണത്തിലേക്കും കൂപ്പുകുത്തിയതായി പണിക്കർ നിരീക്ഷിക്കുന്നു.

രണ്ടാമത്തെ ഘടകം, നാട്ടുപ്രമാണിമാരും അവരുടെ കീഴിൽ വരുന്ന ഇടനിലക്കാരും ചേരുന്ന ഫ്യൂഡൽ വർഗ്ഗം നടത്തിയ ചൂഷണങ്ങളാണ്. ബ്രിട്ടീഷ് പിന്തുണയും ഇവർക്ക് ലഭിച്ചിരുന്നു. ഈ ബന്ധം പരസ്പര സഹായകമായിരുന്നു. ബ്രിട്ടീഷ് നയങ്ങൾ കൂടുതൽ ലാഭം ചൂഷണത്തിലൂടെ ഉണ്ടാക്കുവാൻ ജന്മി വിഭങ്ങളെ സഹായിച്ചു. അതിനു പ്രത്യുപകാരമായി ബ്രിടീഷ് ഭരണത്തിന് സർവ്വ പിന്തുണയും അവരുടെ ഇടയിൽ നിന്നും ലഭിച്ചു.

ബ്രിട്ടീഷ് കൊളോണിയലിസവും മലബാറിലെ ഫ്യൂഡൽ വാഴ്ചയും തീർത്ത വർഗ്ഗ ബന്ധങ്ങളിലും അതിലെ ചൂഷണത്തിലും അതിലൂടെ വന്നു ചേർന്ന കാർഷിക അസംതൃപ്തിയിലുമാണ് മലബാറിലുണ്ടായ കലാപങ്ങളുടെ മൂല കാരണത്തെ പുസ്തകം മുന്നോട്ട് വെക്കുന്നത്. ഒന്നാം അധ്യായം ഈ വർഗ്ഗ ബന്ധങ്ങളുടെ ഒരു വിശദമായ വിവരണം നൽകുന്നുണ്ട്.

ഇവിടെ പ്രസക്തമായ ഒരു ചോദ്യം, ഈ നടപടികളുടെ വിപത്ത് ചെറുകിട കർഷകർക്കും കർഷക തൊഴിലാളികൾക്കും പൊതുവിൽ വന്നു ചേർന്നിട്ടും എന്ത് കൊണ്ടാകും മുസ്ലിം വിശ്വാസികളായ കർഷകരുടെ/മതനേതാക്കളുടെ നേതൃത്വത്തിൽ ഈ കലാപങ്ങൾ നടന്നു എന്നതാകും.

കലാപത്തിന്റെ നേതൃത്വത്തിന്റെ മതവിശ്വാസവും, കലാപത്തിന്റെ ഭാഗമായി നടന്ന വർഗീയ സ്വഭാവമുള്ള ഒറ്റപ്പെട്ട ഇടപെടലുകളും മൊത്തത്തിൽ മലബാർ കലാപം ഒരു വർഗീയ കലാപം അല്ലെങ്കിൽ ഹിന്ദു വിരുദ്ധ കലാപമായിരുന്നു എന്ന രീതിയിൽ പലരും മുന്നോട്ട് വെക്കാൻ കാരണമായിട്ടുണ്ട്. കൊളോണിയൽ ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷ്യവും ഇത് തന്നെയായിരുന്നു. ഇന്ന് നടക്കുന്ന വിവാദങ്ങളുടെ ആണിക്കല്ലും ഇതേ കൊളോണിയൽ വാദത്തിനെ പിൻപറ്റിയാണ്.

ബ്രിട്ടീഷ് ഭരണകൂടവും ജന്മിമാരും തീർത്ത വർഗ്ഗപരമായി നേരിട്ട ചൂഷങ്ങളോടുള്ള എതിർപ്പും, കലാപകാരികളുടെ വിശ്വാസത്തെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തിയ മതസ്വാധീനവും സമ്മേളിച്ചപ്പോളാണ് മലബാർ കലാപം സംഭവിക്കുന്നത് എന്ന ഉത്തരമാണ് ചരിത്രകാരൻ മുന്നോട്ട് വെക്കുന്നത്.

“സാമ്പത്തിക അസംതൃപ്തി പൊതുവിൽ മുസ്ലിങ്ങൾക്കും ഹിന്ദുക്കൾക്കും നിലനിൽക്കവേ, മതത്തിന്റെയും സംസ്കാരത്തിന്റെയും സാമൂഹിക-പ്രത്യയശാസ്ത്ര മധ്യസ്ഥമാണ് കലാപത്തിന്റെ നിർണായക ഘടകമായി തീരുന്നത്.”

സാമൂഹികവും ആശയപരവുമായ ജീവിതത്തിലും, സാമ്പത്തിക ജീവിതത്തിൽ എന്ന പോലെ കീഴാളരായ ഹിന്ദു കർഷകർക്ക് ഭൂപ്രഭുക്കളോട് ആശ്രിതത്വമുണ്ടായിരുന്നു. വഴങ്ങാൻ കൂട്ടാക്കാത്ത ഹൈന്ദവനായ കർഷകനെ ഒതുക്കാൻ ഭൂപ്രഭുവിന് മതപരമായി തന്നെ വിവിധ രീതിയിൽ സാദ്ധ്യതകൾ ലഭിക്കുമായിരുന്നു. ജാതി വ്യവസ്ഥ ഇതിന്റെ കേന്ദ്ര ബിന്ദുവായി പ്രവർത്തിച്ചു.

മതപരമായ ഇത്തരം ചൂഷണത്തിൽ നിന്ന് പുറത്തുകടക്കാൻ സഹായകരമായ സംഘടനകളോ പാരമ്പര്യ ബുദ്ധിജീവികളോ പ്രസ്ഥാനങ്ങളോ ഒന്നും ഹൈന്ദവരായ കർഷകർക്ക് ഇല്ലായിരുന്നു. ഉള്ള മതനേതാക്കളും മറ്റും ഫ്യൂഡൽ വ്യവസ്ഥയുടെ കൂടെ സഞ്ചരിച്ചവരായിരുന്നു. മത ആരാധനയുടെയും മറ്റും ഭാഗമായി ഒന്നിച്ചു ചേരുന്ന രീതിയും ജാതി വ്യവസ്ഥ മൂലം ഹിന്ദുക്കൾക്കില്ലായിരുന്നു.

ഇതിന് വിപരീതമായ സമൂഹിക ജീവിതമാണ് മുസ്ലിങ്ങളായ കർഷകർക്ക് ഉണ്ടായിരുന്നത്. ഇസ്ലാം മത വിശ്വാസികൾ ഭൂപ്രഭുക്കളിൽ നന്നേ കുറവായിരുന്നു എന്നതും ഇതിന് കാരണമായിട്ടുണ്ടാകാം. മതപരമായ സ്വത്വം ഹിന്ദു കർഷകർക്ക് ആശ്രിതത്വമാണ് ഉണ്ടാക്കിയത് എങ്കിൽ ഇവിടെ അത് മുസ്ലിം കർഷകരെ ബഹു ഭൂരിപക്ഷം വരുന്ന ഹിന്ദു ഭൂഉടമകളിൽ നിന്ന് അകറ്റി. ഹിന്ദു ഭൂഉടമയുടെ ചൂഷണത്തെ എതിർക്കാൻ മതവും ഒരു ആശയലോകം അവർക്ക് മുന്നിൽ തുറന്നു വെച്ചു.

മതപരമായി പത്തൊൻപതാം നൂറ്റാണ്ടിലുണ്ടാകുന്ന ഉയർത്തെഴുന്നേൽപ്പും പാരമ്പര്യ ബുദ്ധിജീവികളുടെ ഇടപെടലും മറ്റും തങ്ങളുടെ പ്രവർത്തികൾക്ക് മതത്തിനുള്ളിൽ സാധൂകരണം കണ്ടെത്താനുള്ള സാധ്യത മുസ്ലിങ്ങൾക്ക് നൽകി എന്ന് പറയുന്നതാകും ശരി. അനീതിരെയുള്ള പോരാട്ടത്തെ മതവിശ്വാസം കരുത്തണിയിച്ചു. ഹിന്ദുക്കളിൽ ഇത് നേരെ തിരിച്ചാണ്. അവിടെ മതം അനീതിയെ സാധൂകരിക്കുകയാണ് ജാതിയിലൂടെ ചെയ്യുന്നത്.

ഇസ്ലാം മതനേതാക്കളുടെ മത വ്യാഖ്യാനങ്ങൾ ഇവിടെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഹിന്ദു മത നേതാക്കളെ പോലെ പൂർണ്ണമായും ഫ്യുഡൽ വ്യവസ്ഥക്ക് ആശ്രിതരായ മത നേതാക്കളായിരുന്നില്ല മുസ്ലിങ്ങൾക്ക് ഉണ്ടായിരുന്നത് എന്നതും ശ്രദ്ധേയമാണ്. ഖിലാഫത്ത് പോലുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളും പിൽക്കാലത്ത് ഇതിന്റെ ശക്തി വർധിപ്പിച്ചു. മുസ്ലിങ്ങളെ ശത്രുക്കളായി ആദ്യം മുതലേ കണ്ടിരുന്ന ബ്രിട്ടീഷ് നയവും ഇവിടെ എടുത്തു പറയേണ്ടതാണ്.

ഹിന്ദുക്കൾക്ക് ഇടയിലും മുസ്ലിങ്ങൾക്ക് ഇടയിലും മലബാറിൽ മതം എങ്ങനെ പ്രവർത്തിച്ചു എന്ന് ആഴത്തിൽ മനസ്സിലാക്കുമ്പോൾ മാത്രമേ മുകളിൽ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ലഭിക്കൂ.

മലബാർ കലാപം ഒരു ഹിന്ദു വിരുദ്ധ കലാപമായിരുന്നില്ല എന്ന് പുസ്തകം ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അടിവരയിടുന്നുണ്ട്. നേതാക്കളുടെ ഇടപെടലിലും കലാപകാരികളുടെ ഇടപെടലിലും അത്തരം ഒരു രീതി പൊതുവിൽ ദർശിക്കാൻ കഴിയില്ല. ഒരു കേന്ദ്രീകൃത സ്വഭാവം ഇല്ലാത്തത് കൊണ്ട് തന്നെ അവസാന ഘട്ടങ്ങളിലും മറ്റും വർഗീയ സ്വഭാവമുള്ള ഇടപെടലുകൾ ഒറ്റപ്പെട്ട രീതിയിൽ കാണാൻ കഴിയും. എന്നാൽ കലാപത്തിന്റെ പൊതുസ്വഭാവത്തെ നിർണയിക്കാനുള്ള പ്രസക്തി ഇവക്കില്ല എന്നതാണ് കാണേണ്ട വസ്തുത.

മലബാർ കലാപത്തെക്കുറിച്ചുള്ള വിവാദങ്ങൾക്കിടയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വായന അനുഭവമാണ് ഈ പുസ്തകം.

--

--

Sudeep Sudhakaran

Assistant Professor, Legal Consultant. Writes on Law, Politics, Development & Labour Rights. Anti Imperialism | Class Politics | History | Political Economy